പോലീസിനെ കണ്ട് കഞ്ചാവ് കത്തിക്കാൻ ശ്രമം; യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: പോലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന കഞ്ചാവ് അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് നാടകീയമായി പിടികൂടി. എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന, നിരവധി കേസുകളിൽ പ്രതിയായ കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്സൽ പെപ്പ എന്നറിയപ്പെടുന്ന അഫ്സൽ (27) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച (7) വൈകിട്ട് 4.20-ഓടെ എറിയാട് ആറാട്ടുവഴിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവും ലഹരി ഉപയോഗത്തിനുള്ള ഉപകരണവും പോലീസ് പിടിച്ചെടുത്തു.
പോലീസ് വീട്ടിലെത്തിയതോടെ പരിഭ്രാന്തനായ അഫ്സൽ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികൾ അടുപ്പിലേക്കു വലിച്ചെറിയുകയായിരുന്നു. അടുപ്പിൽ തീ ഇല്ലായിരുന്നെങ്കിലും ചാരത്തിനടിയിലെ കനലിൽ കഞ്ചാവ് കരിഞ്ഞ് രൂക്ഷഗന്ധം ഉയർന്നതോടെ പോലീസിന് സംശയം ബലപ്പെട്ടു. തുടർന്ന് അടുപ്പ് പരിശോധിച്ച പോലീസ് കഞ്ചാവ് പൊതികൾ വീണ്ടെടുത്ത് പ്രതിയെ തൊണ്ടിമുതലുകളോടെ കസ്റ്റഡിയിലെടുത്തു.
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമം (Juvenile Justice Act) സെക്ഷൻ 77 പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും പ്രതിക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ, മതിലകം, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നാല് മോഷണക്കേസുകൾ, കഞ്ചാവ് ഉപയോഗിച്ച ഒരു കേസ്, ഒരു അടിപിടിക്കേസ്, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ച രണ്ട് കേസുകൾ എന്നിവ ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഫ്സൽ.
പ്രദേശത്ത് സ്കൂൾ-കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ചും അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജെയിംസ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. പ്രദീപ്, എ.എസ്.ഐ. ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave A Comment