ചാലക്കുടിയിൽ ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച ആൾ അറസ്റ്റിൽ
ചാലക്കുടി: ചാലക്കുടി സൗത്തിലെ മോദി ബേക്കറിയുടെ മുൻവശത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ വീട്ടിൽ അസറുദ്ദീൻ (29) ആണ് പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ജൂൺ 11-ന് രാത്രി ഒമ്പതോടെയാണ് സംഭവം. കോടശ്ശേരി ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ (19) ചാലക്കുടി സൗത്തിലെ മോദി ബേക്കറിയിൽ കേക്ക് വാങ്ങാനെത്തുകയായിരുന്നു. ബേക്കറിയുടെ മുൻവശത്ത് താക്കോലോടുകൂടി പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ 20 മിനിറ്റിന് ശേഷം തിരിച്ചെത്തിയപ്പോൾ കാണാതായിരുന്നു.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി പോലീസ് കേസെടുത്ത് ശാസ്ത്രീയ അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്.ഐ. ജോർജ്, സി.പി.ഒ. മാർട്ടിൻ പോൾ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave A Comment