ക്രൈം

സ്കൂളിലെ അരിയും പാചകോപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

മതിലകം: സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് അരിയും പാചകോപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടാം പ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗോൺ ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇക്രമുൾ ഇസ്ലാം (20) ആണ് പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കോതപറമ്പ് വി.വി.യു.പി. സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ച് ചാക്ക് അരിയും ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.

ഈ കേസിലെ ഒന്നാം പ്രതിയായ ആസാം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) ജൂലൈ 19ന് അറസ്റ്റിലായിരുന്നു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് മോഷ്ടിക്കപ്പെട്ട 99.700 കിലോഗ്രാം അരി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കോടതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലും മോഷണമുതലുകൾ കണ്ടെത്തി.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ ഇക്രമുൾ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മതിലകം പോലീസ് സ്റ്റേഷനിലെ എസ്.ഐ നസിയ എം. ഷാഹിബ്, എസ്.ഐ സജീവ്, എസ്.ഐ രാജി, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒ സനീഷ്, സി.പി.ഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment