ക്രൈം

എറിയാട് ചിക്കൻ സ്റ്റാളിന് നേരെ ആക്രമണം നടത്തി പണം കവർന്ന കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍

കൊടുങ്ങല്ലൂർ: എറിയാട് പേബസാറിൽ കോഴിയിറച്ചി കടം കൊടുക്കാത്തതിൻ്റെ പേരിൽ ചിക്കൻ സ്റ്റാളിന്  നേരെ ആക്രമണം നടത്തി പണം കവർന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ അയ്യമ്പിള്ളി സ്വദേശി പുതുപ്പറമ്പിൽ ഉദിത് ദേവിനെയാണ്  കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജു, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

ഈരേഴത്ത് റാഫിയുടെ ഉടമസ്ഥതയിലുള്ള ചിക്കൻ സെൻ്ററിന് നേരെയാണ് കഴിഞ്ഞ  ദിവസം ആക്രമണമുണ്ടായത്.
കോഴിയിറച്ചി കടം നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് രണ്ടംഗ സംഘം  ജീവനക്കാരനായ മുഷ്ഖദുൽ ഇസ്ലാമിനെ വടിവാൾകൊണ്ട്  ആക്രമിക്കാൻ ശ്രമിക്കുകയും, കടയിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു.
ഇറച്ചിക്കോഴിയും, മേശ വലിപ്പിലുണ്ടായിരുന്ന നാലായിരം രൂപയും മോഷണം പോയിരുന്നു. സംഭവത്തിലെ പ്രധാന പ്രതി ഷിനോജിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.

എ.എസ്.ഐമാരായ ഉല്ലാസ്പൂതോട്ട്, മുഹമ്മദ് സിയാദ്, പൊലീസുകാരായ എം.ആർ ഉണ്ണികൃഷ്ണൻ, ഡേവിസ്, ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment