ക്രൈം

തൊഴിലാളിയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

മാള: കൊമ്പിടിഞ്ഞാമക്കലിൽ പണത്തർക്കത്തെ തുടർന്ന് തൊഴിലാളിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ഉത്തർപ്രദേശ് സ്വദേശി മാവോ ഷാനവാസ് (40)നെയാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സൈമ പി.എസ് ജീവപര്യന്തം തടവിനും രണ്ട് വകുപ്പുകളിലായി ആകെ 4,500 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കണം.

2009 ജൂൺ 14ന് ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊമ്പിടിഞ്ഞാമക്കലിലെ താമസസ്ഥലത്ത് ഷൗക്കീൻ എന്നയാളുമായി പണസംബന്ധമായി തർക്കമുണ്ടായതിനെ തുടർന്ന് ഷൗക്കീനെ മരവടി കൊണ്ട് തലയ്ക്കടിച്ചു. ഇത് തടയാൻ ശ്രമിച്ച കൂടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി മകരംപൂർ വില്ലേജിലെ നദിം (21)നെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അന്നത്തെ മാള പൊലീസ് സബ് ഇൻസ്പെക്ടർ കെ.എം. വാസുദേവൻ കേസ് രജിസ്റ്റർ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സി.ആർ. സന്തോഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

കേസിൽ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫും അഡ്വ. ഹണി ചാരുവിലും പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.

Leave A Comment