ജില്ലാ വാർത്ത

ചോറ്റാനിക്കര ക്ഷേത്രത്തിലെ മാലിന്യപ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി വിശദീകരണം തേടി. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ച കോടതി, വീഴ്ച ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹാജരായ ഉദ്യോഗസ്ഥരും എടുത്ത നടപടികൾ വിശദീകരിച്ച് പ്രത്യേക സത്യവാങ്മൂലങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ കോടതിയെ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി അതീവ പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാട് പിടിച്ചുകിടക്കുന്ന സാഹചര്യം ഉൾപ്പെടെ കോടതി ചൂണ്ടിക്കാണിച്ചു.

ക്ഷേത്ര പരിസരം ഇത്തരത്തിൽ സംരക്ഷണമില്ലാതെ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ പരസ്പരം ഉത്തരവാദിത്വം ഒഴിവാക്കാൻ ശ്രമിക്കുന്ന സമീപനത്തെയും കോടതി വിമർശിച്ചു. ക്ഷേത്രത്തിലെ പാചകപ്പുര, കീഴ്ക്കാവിലെ ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം തുടങ്ങി വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന ചിത്രങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭക്തർക്ക് ആത്മീയാനുഭവം നൽകേണ്ട ക്ഷേത്രപരിസരം മലിനമാകുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ‘ശുചിത്വം ദൈവതുല്യമാണ്’ എന്ന ഗാന്ധിജിയുടെ വാക്കുകളും കോടതി പരാമർശിച്ചു.

Leave A Comment