പെൺകുട്ടി കാൽവഴുതി പുഴയിൽ വീണു; രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു
തൊടുപുഴ: തൊമ്മൻകുത്ത് പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് വാഴക്കാല സ്വദേശി ഒറ്റപ്ലാക്കൽ വീട്ടിൽ മോസിസ് ഐസക് (18), ചീങ്കൽസിറ്റി സ്വദേശി താന്നിവിള വീട്ടിൽ ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ക്രിസ്മസ് അവധിയായതിനാൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനായി കുടുംബസമേതം എത്തിയതായിരുന്നു ഇരുവരും. വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് തിരിച്ചു.
ഇതിനിടെ തൊമ്മൻകുത്ത് പുഴയിലെ മുസ്ലിം പള്ളിക്ക് സമീപത്തെ കടവിൽ കാൽ കഴുകാൻ ഇറങ്ങി. ഈ സമയത്ത് ഇവരോടെപ്പം ഉണ്ടായിരുന്ന പെൺകുട്ടി കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കയത്തിലേക്ക് മുങ്ങിത്താഴ്ന്നത്.
ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് മൂന്നു പേരെയും കരയ്ക്കെടുത്ത് വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബ്ലസന്റെയും മോസിസിന്റെയും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം വണ്ണപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Leave A Comment