പെരിയാർ തീരം ഭക്തിസാന്ദ്രം ! പിതൃസ്മരണയിൽ ആയിരങ്ങൾ
ആലുവ: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പെരിയാർ തീരം ശിവരാത്രി നാളിൽ ഭക്തിസാന്ദ്രമായി. പിതൃസ്മരണ പുതുക്കാൻ ഭക്തസഹസ്രങ്ങൾ ആലുവയിലെ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകിയെത്തി.
രാത്രി 12ന് ആരംഭിച്ച പിതൃബലി ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്ത് സായൂജ്യമടഞ്ഞു. കുംഭമാസത്തിലെ വാവ് ഇന്നു വൈകിട്ട് നാലു മുതൽ തുടങ്ങുന്നതിനാൽ നാളെ രാവിലെ 11 വരെ ബലിതർപ്പണം തുടരും. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികരായി. മഹാദേവ ക്ഷേത്രത്തിലും മണപ്പുറത്തെ താത്കാലിക ക്ഷേത്രത്തിലുമാണ് ചടങ്ങുകൾ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. മണപ്പുറത്ത് 100ഓളം ബലിത്തറകളുണ്ടായിരുന്നു. മറുകരയിൽ അദ്വൈതാശ്രമത്തിൽ ഇന്നലെ രാത്രി പത്തിന് ബലിതർപ്പണം ആരംഭിച്ചു. ഇന്നുച്ചവരെ തുടരും. സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവർ മുഖ്യകാർമികരായി. ആശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ നേതൃത്വം നൽകി.
റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം മണപ്പുറത്തും നഗരത്തിലുമുണ്ട്. ഗതാഗത നിയന്ത്രണം ഇന്നുച്ചയോടെ അവസാനിക്കും. നഗരസഭയുടെ പ്രത്യേക യോഗം മണപ്പുറത്ത് നടന്നു. ഫയർഫോഴ്സ്, നേവി, എക്സൈസ്, കെഎസ്ഇബി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി എന്നിവയുടെ പ്രത്യേക ഓഫീസുകളും മണപ്പുറത്ത് തുറന്നിട്ടുണ്ട്.
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളില്ലാത്തതിനാൽ മണപ്പുറത്ത് ഇക്കുറി ജനത്തിരക്കേറി. അവധിയായതിനാൽ ഇന്നും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ. ഇന്നലെ രാവിലെ ഏലൂർ സ്വദേശി പുഴയിൽ മുങ്ങിമരിച്ചതും മൺപാത്ര വില്പന നടത്താനെത്തിയ കളമശേരി സ്വദേശിയായ വയോധിക കുഴഞ്ഞുവീണ് മരിച്ചതുമാണ് അനിഷ്ട സംഭവങ്ങൾ.
Leave A Comment