പീച്ചാനിക്കാട് ജലക്ഷാമം രൂക്ഷം
അങ്കമാലി : അങ്കമാലി നഗരസഭയിലെ ഒന്ന്, 30 വാർഡുകളിൽ ഉൾപ്പെട്ട പീച്ചാനിക്കാട് പ്രദേശത്ത് കടുത്ത ജലക്ഷാമം. എടപ്പാറക്കവല ലിഫ്റ്റ് ഇറിഗേഷൻ മോട്ടോറുകൾ രണ്ടും തകരാറിലായതും ചാലക്കുടി ഇടതുകര കനാലിൽ വെള്ളമെത്താത്തതുമാണ് ജലക്ഷാമത്തിന് കാരണം. പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു തുടങ്ങി. കുടിവെള്ള ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ലിഫ്റ്റ് ഇറിഗേഷൻ മോട്ടോറുകളുടെ വൈൻഡിങ് രണ്ടാഴ്ച മുൻപ് കത്തിപ്പോയി. ഇത് നന്നാക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പീച്ചാനിക്കാട്, വെള്ളിലപ്പൊങ്ങ്, എടപ്പാറക്കവല, തുരുത്ത്, ചാക്കരപറമ്പ് പ്രദേശങ്ങളിലായി 475 വീടുകളിൽ കുടിവെള്ളവും 370 ഹെക്ടർ ഭൂമിയിൽ ജലസേചനവും മുടങ്ങിയിരിക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ സി.സി.ഡി.പി. (ക്രോപ്പ് ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാം) യിൽ പെടുത്തിയാണ് ജലസേചന പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ മുടക്കി നടപ്പാക്കിയ പദ്ധതി പ്രയോജനരഹിതമായി മാറിയിരിക്കുകയാണ്.
Leave A Comment