സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ; വരുമാന സര്‍ട്ടിഫിക്കറ്റിന് നെട്ടോട്ടം
തൃശൂർ: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി 28 ആണെന്നിരിക്കെ അക്ഷയ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വില്ലേജുകളില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിച്ച് നല്‍കാനുള്ള തിരക്കിലാണ് പെൻഷൻ വാങ്ങുന്നവർ. സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ തടയുമെന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അക്ഷയ കേന്ദ്രങ്ങള്‍ കയറിയിറങ്ങുകയാണ് പലരും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമൊക്കെ കാലതാമസമുണ്ടാകുന്നുണ്ട്. 2019 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കളാണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, ഡിസബിലിറ്റി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ പുനഃസ്ഥാപിച്ചു നല്‍കും.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം തടയപ്പെട്ട കാലത്തെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടാവില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരധി ഒരു ലക്ഷം രൂപയാണ്. അതില്‍ കൂടുതല്‍ വരുമാനമുള്ളവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കും.
Leave A Comment