കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
കൊടുങ്ങല്ലൂര്‍: കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു.
കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വാഴിച്ചുകൊണ്ടുള്ള കത്ത് കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസലർ റവ. ഡോ.ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു.
വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിൽ , ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ,കോഴിക്കോട് ബിഷപ്പും കെആർഎൽസി ബിസി പ്രസിഡന്റുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ ,കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ , ഫെറോന വികാരി ഫാ.ജോഷി കല്ലറക്കൽ,അസിസ്റ്റന്റ് പ്രൊക്കുറേറ്റർ ഫാ.ജോസ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു.
കോട്ടപ്പുറം രൂപതക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നതുവരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിക്കും.
കോട്ടപ്പുറം രൂപത 1987 ൽ സ്ഥാപിതമായശേഷം രണ്ടാമത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാണ് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല . പ്രഥമ ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ വരാപ്പുഴ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹത്തെ തന്നെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നിയമിച്ചിരുന്നു.
2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേയാണ് കോട്ടപ്പുറം മെത്രാനായി ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി സ്ഥാനാരോഹണം ചെയ്തത്.

Leave A Comment