വീട്ടിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണന്-35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന്ആണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മാവേലിക്കര ഗേള്‍സ് സ്കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്. പന്തളത്ത് കംപ്യൂട്ടർ സർവീസിനുശേഷം കാർ തിരികെക്കൊണ്ടു വന്നു വീട്ടിലേക്ക് കയറ്റവേ കാറിൽനിന്നു തീയും പുകയും ഉയരുകയായിരുന്നു. കൃഷ്ണ പ്രകാശ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
ഒപ്പം താമസിക്കുന്ന സഹോദരൻ ശിവപ്രകാശ് ഓടിയെത്തി കാറിന്റെ ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. കാറിൽനിന്നു പുറത്തിറങ്ങാൻ കഴിയാതിരുന്ന കൃഷ്ണ പ്രകാശ് ദാരുണമായി വെന്തു മരിച്ചു.
മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു തീകെടുത്തിയത്. ആലപ്പുഴയിൽനിന്നു ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ച കൃഷ്ണ പ്രകാശ് അവിവാഹിതനാണ്.
Leave A Comment