ജില്ലാ വാർത്ത

കുർബാന തർക്കം; നേരിട്ട് ഇടപെട്ട് വത്തിക്കാന്‍, നിര്‍ദ്ദേശങ്ങള്‍ കൈമാറി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങളിൽ വീണ്ടും വത്തിക്കാൻ ഇടപെടൽ. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്ന് മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റുന്നടതടക്കമുള്ള നടപടികൾ ഉണ്ടായേക്കും എന്നാണ് സൂചന.

ഇന്നലെ അതീവ രഹസ്യമായാണ് വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ലിയോ പോൾ ജിറേലി നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ വിമാനത്താവളത്തിലേക്ക് വിളിച്ച് വരുത്തി കൂടിക്കാഴ്ച നടത്തി രണ്ട് കത്തുകൾ കൈമാറ്റം ചെയ്തെന്നാണ് സൂചന. എറെ കാലമായി എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായിരുന്നു വത്തിക്കാൻ നേരിട്ട് മാർ ആൻഡ്രൂസ് താഴത്തിനെ അപ്പോസ്തലിക് അഡിമിനിസ്ട്രേറ്റർ ആയി നിയമിച്ചത്. 

എന്നാൽ പിന്നാലെ പ്രശ്നം രൂക്ഷമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് മറ്റൊരാളെ കൊണ്ടുവരിക എന്നത് പ്രധാന നിർദ്ദേശമാണ്. വത്തിക്കാൻ നിർദ്ദേശം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് സിറോ മലബാർ സിന‍ഡ് ആണ്. സിറോ മലബാർ സഭ മുൻ പിആഒ ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എന്നിവർ പരിഗണനയിലുള്ള പേരുകളാണ്. സിറോ മലബാർ സഭ ആധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനാരോഗ്യ പ്രശ്നങ്ങൾ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

Leave A Comment