ജില്ലാ വാർത്ത

'ബോഡിയെടുക്കില്ല'; കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം

കോഴിക്കാട്: കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ കുടുംബം കടുത്ത പ്രതിഷേധത്തില്‍. എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതോടെ മുടങ്ങിയിരിക്കുകയാണ്. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്, ഇത് അനുവദിക്കാൻ സാധിക്കില്ല, ആവശ്യമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടക്കണം, ഇപ്പോള്‍ ആക്രമണം അഴിച്ചുവിട്ട കാട്ടുപോത്തിനെ പിടിക്കുക, വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ്, നഷ്ടപരിഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് എബ്രഹാമിന്‍റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടപടികള്‍ക്കോ മറ്റോ മൃതദേഹം എടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. എബ്രഹാമിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താലാണ്. 

അതേസമയം കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം കക്കയത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave A Comment