ജില്ലാ വാർത്ത

'പാലക്കാട് മാത്രമല്ല, തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം'; അതീവ ജാഗ്രത നിർദേശം

 തൃശൂര്‍: പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ്  വൈകുന്നേരം 5.30ന് പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. 

പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ് തുടങ്ങിയവര്‍ക്കെല്ലാം ജില്ലാ കളക്ടര്‍ ഉഷ്ണതരംഗം നേരിടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave A Comment