വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ
കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.
അതേസമയം, സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ രംഗത്തെത്തി. കെഎസ്ഇബിയുടെ അനാസ്ഥയാണ് 19കാരന്‍റെ മരണത്തിന് കാരണമെന്ന് കടയുടമ പി.മുഹമ്മദ് പറഞ്ഞു. കടയിലെ തൂണിൽ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു.
കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരും ആരോപിച്ചു. ഇന്നലെ രാത്രി ഇവിടെ വന്ന മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്. ഇത് പരിഹരിക്കാനുള്ള നടപടിയെടുക്കാത്തതാണ് ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു.

Leave A Comment