തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു
തൃശൂർ: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീഴുന്ന സിസിടിവി ദൃശ്യം പുറത്ത്. കനത്ത മഴയെത്തുടർന്ന് ഉച്ചയോടെ സ്വരാജ് റൗണ്ടിൽ ബിനി ജങ്ഷനിലാണ് മരം വീണത്. രണ്ടു കാറുകൾക്ക് കേടുപാടുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പുതുക്കിയ മഴ അറിയിപ്പ് പ്രകാരം ഇന്ന് തൃശൂർ ഉള്‍പ്പെടെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവയാണ് ഓറഞ്ച് അലർട്ടുള്ള മറ്റു ജില്ലകള്‍. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. അതിനിടെ ജില്ലയിൽ 21-05-2024, 22-05-2024 തീയതികളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നിരോധിച്ചിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ തീയതികളിൽ തുമ്പൂർമുഴി ഗാർഡനിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Leave A Comment