ജില്ലാ വാർത്ത

ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവം; മൂന്നു പേർ കസ്റ്റഡിയിൽ

കുന്നംകുളം: ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്താണി അമ്മാട്ട് വീട്ടിൽ രവി മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദ്ദനമേറ്റ് മരിച്ചത്.
സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
അഞ്ഞൂരിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയെ കെട്ടുന്ന പറമ്പിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം. മരിച്ച വിഷ്ണു ആനത്തറിയിൽ വരുന്നത് ചോദ്യം ചെയ്ത പ്രതികൾ ഇയാളുമായി തർക്കം ഉണ്ടാകുകയും ഇത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് റോഡിലിറങ്ങിയ വിഷ്ണുവിനെ സംഘം ചേർന്ന് മർദ്ദിച്ചു. മൂവർ സംഘത്തിൻറെ കടുത്ത മർദ്ദനമേറ്റ വിഷ്ണു റോഡിൽ തളർന്നു വീഴുകയായിരുന്നു. മറ്റുള്ളവർ ചേർന്ന് ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വണ്ടിയിൽ നിന്ന് വീണാണ് അപകടം പറ്റിയത് എന്ന് പറയുകയും ചെയ്തു. 

ഇതിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ മർദ്ദനമേൽക്കുന്നതും എല്ലാം കൃത്യമായി മനസ്സിലാക്കിയത്. മൂന്നുപേരെയും ഉടനെ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം പറയാനാകൂ എന്നും പോലീസ് അറിയിച്ചു. നാട്ടിൽ ഫാബ്രിക്കേഷൻ പണികളും മറ്റും ചെയ്യുന്ന വിഷ്ണു ഇടയ്ക്കിടെ ആനത്തറിയിൽ എത്താറുണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Leave A Comment