ജില്ലാ വാർത്ത

ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ഓഗസ്റ്റ് ആറിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ എഴുപത് പേർ മരിച്ചതായാണ് കണക്ക്. നാല് ലയങ്ങള്‍ തച്ചുടച്ച്‌ മല വെള്ളം ആർത്തലച്ചെത്തി. 19 ദിവസത്തെ തിരച്ചിലില്‍ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങള്‍. നാല് പേർ ഇന്നും കാണാമറയത്താണ്. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്ബോഴായിരുന്നു പെട്ടിമുടി ഉരുള്‍പൊട്ടലുണ്ടായത്. 

പെട്ടിമുടി ഡിവിഷനിലെ നാല്‌ ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ്‌ അപകടത്തില്‍പ്പെട്ടത്‌. 12 പേരെ രക്ഷപ്പെടുത്തി. ഉറക്കത്തിലായതിനാല്‍ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. വൈദ്യുതിയും മൊബൈല്‍ സിഗ്നലുമില്ലാതിരുന്നതിനാല്‍ പിറ്റേന്ന് പുലർച്ചെയാണ് ദുരന്തം പുറംലോകമറിഞ്ഞത്. കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി.

കമ്പനിയിലെ തൊഴിലാളികളാണ് അന്ന് ദുരന്തത്തില്‍പ്പെട്ടത്‌. അപകട പ്രദേശത്തു നിന്ന്‌ മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്‌പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്‌. ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാർ വാലിയില്‍ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിച്ചു.

Leave A Comment