ജില്ലാ വാർത്ത

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.  മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി. കനത്ത മഴയിൽ മരം വീണ് വ്യാപകനാശമാണ് വിവിധ ജില്ലകളിലുണ്ടായത്. നിരവധി വീടുകൾ തകർന്നു. നദികളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനശതാബ്ദിയടക്കം ട്രെയിനുകൾ ഇന്നും വൈകിയോടുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹമാണ് കിട്ടിയത്. മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി തഥയൂസ് ആണ് മരിച്ചത്. പൂവാറിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായ സ്റ്റെല്ലസിനായി തെരച്ചിൽ നടത്തുകയാണ്. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാർഫിന് സമീപത്തുവെച്ചാണ് മറ‍ിഞ്ഞത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. 

എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുമാറാടി കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി ആണ് മരിച്ചത്. എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിലിനെയാണ് കാണാതായത്. ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആള്‍ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

Leave A Comment