ജില്ലാ വാർത്ത

"തൂഫാൻ - ദ നാർക്കോ ഹണ്ട്" ; ജൂൺ 1ന് സ്കൂളുകളിൽ ലഹരിക്കെതിരെ നെയിം സ്ലിപ്പുകൾ

മാള: വിദ്യാർഥികളെ ലഹരി കെണിയിൽ നിന്നും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേരള പൊലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപം നൽകിയ "തൂഫാൻ; ദ നാർക്കോ ഹണ്ട്" എന്ന പദ്ധതിയിലൂടെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ജൂൺ 1ന്

ലഹരിവിരുദ്ധ സന്ദേശങ്ങളും പൊലീസിന്റെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും ആലേഖനം ചെയ്ത നെയിം സ്ലിപ്പുകൾ തൃശൂർ റൂറൽ ജില്ലയിലെ 500 സ്കൂളുകളിലെ കുട്ടികൾക്കായി വിതരണം ചെയ്യും. 

നെയിം സ്ലിപ്പുകളുടെ ജില്ലാതല വിതരണോദ്ഘാടനം മാള കോട്ടക്കൽ എസ്.സി.ജി. ഹൈസ്കൂളിൽ വച്ച് മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് നിർവഹിക്കും.

സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഇത്തരത്തിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യുക എന്നത് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ആശയമാണ്. പുസ്തകങ്ങളിൽ ഒട്ടിക്കുന്ന ഈ നെയിം സ്ലിപ്പുകൾ വഴി കുട്ടികളിലേക്കും അതുവഴി അവരുടെ കുടുംബങ്ങളിലേക്കും പൊലീസിന്റെ സുരക്ഷാ സന്ദേശങ്ങൾ നേരിട്ടെത്തുമെന്നതിനാൽഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒരുപോലെ സുരക്ഷാബോധവും ജാഗ്രതയും വളർത്താൻ സഹായിക്കും.

ലഹരി മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടം നയിക്കുന്നതിനൊപ്പം, കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സുരക്ഷയ്ക്കും വേണ്ടി കേരള പൊലീസ് നടപ്പിലാക്കുന്ന 'ചിരി’ ഹെൽപ്പ് ലൈൻ നമ്പർ (9497900200), ചൈൽഡ്‌ലൈൻ നമ്പർ (1098), സാമ്പത്തിക സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പർ (1930), അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള പൊലീസ് കൺട്രോൾ റൂം നമ്പർ (112) എന്നിവയും ഈ നെയിം സ്ലിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ, അഴിമതിക്കെതിരെയുള്ള പ്രത്യേക പദ്ധതിയായ 'പ്രോജക്റ്റ് സീറോ'യുടെ ഹെൽപ്പ് ലൈൻ നമ്പറായ 1064ഉം നെയിം സ്ലിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സ്കൂൾ പരിസരങ്ങളിലോ സമൂഹത്തിലോ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിവരങ്ങൾ ഉടനടി പൊലീസിനെ അറിയിക്കാവുന്നതാണ്. ഇതിനായി പൊലീസിന്റെ 'യോദ്ധാവ്' വാട്‌സ്ആപ്പ് നമ്പർ ആയ 9995966666ലേക്ക് 24 മണിക്കൂറും വിവരങ്ങൾ കൈമാറാം. 

ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ വഴി മാത്രം വിവരങ്ങൾ കൈമാറാൻ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ പേരോ മറ്റ് വിശദാംശങ്ങളോ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും, ലഹരിമുക്തമായ ഒരു നല്ല നാളേക്കായി എല്ലാവരും ഈ കാമ്പയിനിൽ പങ്കാളികളാകണമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave A Comment