ജില്ലാ വാർത്ത

പാചകവാതക കണക്ഷൻ വിതരണം നിലച്ചു; ദുരിതത്തിലായി ഉപഭോക്താക്കൾ

തൃശൂർ: പുതിയ ഗാർഹിക പാചകവാതക കണക്ഷനുകളുടെ വിതരണം നിർത്തിവെച്ചതോടെ ജില്ല ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കൾ പ്രതിസന്ധിയിൽ. പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എൽ.പി.ജി വിതരണത്തിൽ ഉണ്ടായ അനിശ്ചിതത്വമാണ് പുതിയ കണക്ഷനുകൾ താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായതെന്നാണ് ഗ്യാസ് ഏജൻസികളുടെ വിശദീകരണം.

നിലവിലുള്ള ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടർ ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന നിർദേശം വിതരണ കമ്പനികളിൽ നിന്ന് ലഭിച്ചതിനെ തുടർന്നാണ് മാർച്ച് മുതൽ പുതിയ ഗാർഹിക കണക്ഷനുകൾ അനുവദിക്കാത്തത്. നിലവിൽ കണക്ഷൻ വിതരണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.

തൃശൂർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പുതിയ കണക്ഷനായി അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. പുതിയ വീടുകളിലേക്ക് താമസം മാറുന്നവരും വിവാഹശേഷം പുതിയ വീട്ടിൽ താമസം ആരംഭിക്കുന്നവരുമാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ആവശ്യമായ രേഖകളുമായി ഏജൻസികളെ സമീപിക്കുമ്പോൾ നിലവിൽ കണക്ഷൻ നൽകാനാകില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പരാതിയുണ്ട്.

ഗ്യാസ് കണക്ഷൻ ലഭിക്കാത്തതിനാൽ പല കുടുംബങ്ങളും താൽക്കാലികമായി ഇൻഡക്ഷൻ കുക്കറുകളും ഇലക്ട്രിക് സ്റ്റൗകളും ആശ്രയിക്കുകയാണ്. ഫ്ലാറ്റുകളിലും ആധുനിക വീടുകളിലും വിറകടുപ്പ് സൗകര്യമില്ലാത്തതും വിറക് ലഭ്യത കുറവുമാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നത്.

പുതിയ കണക്ഷനുകളുടെ വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ആശങ്ക കൂട്ടുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Leave A Comment