റോഡുകളുടെ ദുരിതകാലത്തിന് അറുതി; കൊടുങ്ങല്ലൂരിൽ 58 കോടി
മാള: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്ന വൻ വികസന പദ്ധതികളുമായി സംസ്ഥാന ബജറ്റ്. മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രത്യേക താൽപര്യപ്രകാരം 58 കോടി രൂപയുടെ റോഡ് വികസന പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ അംഗീകാരം ലഭിച്ചത്.
പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വെള്ളൂർ–നെടുങ്ങാണത്ത്കുന്ന്–കരുപടന്ന റോഡ്, പാറമേൽ–തൃക്കോവിൽ–കൊമ്പത്തുകടവ് റോഡ്, വിജയവീഥി റോഡ്, പൊയ്യ പഞ്ചായത്തിലെ സെന്റ് ജോസഫ്–പ്ലക്കാത്തറ–നടുമുറ്റം റോഡ്, അന്നമനട പഞ്ചായത്തിലെ പൊഴേലിപ്പറമ്പ് റോഡ് എന്നിവയ്ക്കായി മൂന്ന് കോടി രൂപ വകയിരുത്തി.
മാള ചുങ്കം–കൊമ്പത്തുകടവ് റോഡ്, പൊയ്യ–മണലിക്കാട്–പൊയ്യക്കടവ് റോഡ്, അഷ്ടമച്ചിറ–മാരേക്കാട്–കുന്നത്തേരി റോഡ്, കൊടുങ്ങല്ലൂർ ഹോസ്പിറ്റൽ റോഡ്, അരീപ്പാലം–വള്ളിവട്ടം റോഡ്, പുല്ലൂറ്റ്–പുത്തൻചിറ റോഡ്, തുമ്പൂർ–തൊമ്മാന–പുത്തൻചിറ റോഡ്, കാവനാട് റോഡ്, എരയാംകുടി റോഡ്, വാളൂർ–കൊരട്ടി റോഡ്, കുഴൂർ–കുണ്ടൂർ റോഡ്, കുഴൂർ–ചിറ–നടവരമ്പ് റോഡ്, ഇന്ദിരാഗാന്ധി റോഡ്, അമ്പഴക്കാട്–കോട്ടവാതിൽ–വടമ–കോട്ടറോഡ്, ചിത്തിരവളവ്–സമാജം റോഡ്, കോഴിക്കട ഈസ്റ്റ്–തിരുമുപ്പത്ത് റോഡ്, അരാങ്കുളം ലിങ്ക് റോഡ് എന്നിവ ഉൾപ്പെടുന്ന വികസന പ്രവർത്തനങ്ങൾക്ക് 55 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
റോഡ് വികസനത്തിനൊപ്പം വിവിധ മേഖലകളിലായി നിരവധി പദ്ധതികൾക്കും ബജറ്റിൽ ഇടം ലഭിച്ചു. വെള്ളാങ്കല്ലൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ കെട്ടിടത്തിന് മൂന്ന് കോടി രൂപയും, പൊയ്യ ഗ്രാമപഞ്ചായത്തിൽ സാംസ്കാരിക നിലയത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.
കൊച്ചുകടവ്–പന്തരിപ്പള്ളിക്കടവ് പ്രദേശത്ത് പാർക്ക് നിർമ്മാണത്തിന് ഒരു കോടി രൂപയും, വൈന്തലയിൽ പുതിയ കിണർ, പമ്പ് ഹൗസ്, ജലശുദ്ധീകരണ ശാല, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കാൻ ഏഴ് കോടി രൂപയും വകയിരുത്തി.
അന്നമനട പഞ്ചായത്തിൽ കെ. കരുണാകരൻ സ്മാരക ടൗൺഹാൾ നിർമ്മാണത്തിന് മൂന്ന് കോടി രൂപയും, കൊടുങ്ങല്ലൂർ ആനാപ്പുഴ കാക്കമാടൻ തുരുത്ത് സംരക്ഷണത്തിന് മൂന്ന് കോടി രൂപയും, കുഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.
മാള ഗ്രാമപഞ്ചായത്തിൽ ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് 15 കോടി രൂപയും, പൊയ്യ അടാക്ക് ഫിഷ് ഫാമിൽ ഇക്കോ ടൂറിസം പദ്ധതിക്ക് 15 കോടി രൂപയും ലഭിച്ചു. മാള ടൗൺ പോസ്റ്റ് ഓഫീസ് റോഡിന്റെ വീതികൂട്ടലിനും ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുമായി 16 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വെള്ളാങ്കല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് മൂന്ന് കോടി രൂപയും, കുഴൂർ പഞ്ചായത്ത് കുണ്ടൂർ ബോട്ട് ജെട്ടി–ചെമ്പോ തുരുത്ത്–പായം തുരുത്ത്–കൊച്ചുകടവ് ടൂറിസം പദ്ധതിക്ക് ആറ് കോടി രൂപയും, അന്നമനട ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് 2.5 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
കെട്ടുചിറ സംരക്ഷണത്തിനും ഉപ്പുവെള്ള സ്ലൂയിസുകളുടെ നിർമ്മാണത്തിനുമായി ഏഴ് കോടി രൂപയും, അഷ്ടമച്ചിറ ടൗൺ സൗന്ദര്യവൽക്കരണത്തിന് രണ്ട് കോടി രൂപയും, ചാപ്പാറ സയൻസ് പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 10 കോടി രൂപയും അനുവദിച്ചു.
കൊടുങ്ങല്ലൂർ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിന്റെ മൂന്നാംഘട്ട നിർമ്മാണത്തിന് ആറ് കോടി രൂപയും, കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപയും, മേത്തല പള്ളിത്തോട് സംരക്ഷണത്തിന് അഞ്ച് ലക്ഷം രൂപയും, പൊയ്യ കടാംകുളം നവീകരണത്തിനും മാള കരിക്കാട്ടുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കും പ്രത്യേക തുകയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ വരും വർഷങ്ങളിലെ വികസനത്തിന് പുതിയ ദിശ നൽകുമെന്നാണ് പ്രതീക്ഷ.
Leave A Comment