വ്യഥകൾ മറികടന്ന് മിന്നും വിജയം; ബി.ഫാം ഒന്നാം റാങ്ക് അച്ഛന് സമർപ്പിച്ച് വിനായക്
ചാലക്കുടി: പരിമിതികളും ഇല്ലായ്മകളും മറികടന്ന് കഠിനാധ്വാനത്തിലൂടെ നേടിയ മിന്നും വിജയം അച്ഛന് സമർപ്പിച്ച് വിനായക് നാരായൺ. പോട്ട കോഞ്ചാത്ത് വീട്ടിൽ പരേതനായ സജീവ് കുമാർ–ഇന്ദുകല ദമ്പതികളുടെ ഏകമകനായ വിനായക് ബി.ഫാം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ ജോലി ചെയ്തിരുന്ന അച്ഛൻ സജീവ് കുമാറിന്റെ വിയോഗം വിനായകിന്റെ ജീവിതത്തിൽ വലിയ തിരിച്ചടിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അമ്മയുടെ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും അദ്ദേഹത്തിന് കരുത്തായി.
പഠനച്ചെലവുകൾ സ്കൂൾ ഏറ്റെടുത്തതോടെ സിസികെഎം സ്കൂളിൽ പത്താം ക്ലാസും പ്ലസ് ടുവും ഉയർന്ന മാർക്കോടെ വിജയിച്ച വിനായക്, തുടർന്ന് സ്‌കോളർഷിപ്പോടെ പാലാ ബ്രില്യന്റ്സ് സ്റ്റഡി സെന്ററിൽ ബി.ഫാം പഠനത്തിന് ചേർന്നു. അവിടെയും മികവ് തുടരികയായിരുന്നു. ഇപ്പോൾ ഒന്നാം റാങ്ക് നേടി ശ്രദ്ധേയനായി.
അച്ഛന്റെ സ്വപ്നങ്ങൾ സഫലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നീറ്റ് പരീക്ഷാഫലം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും വിനായക് പറഞ്ഞു.
Leave A Comment