ജില്ലാ വാർത്ത

തൃശൂരിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; പനി വ്യാപനം തുടരുന്നു

തൃശൂർ: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. തിങ്കളാഴ്ച എലിപ്പനി സ്ഥിരീകരിച്ചിരുന്ന ഇയാൾ ഇന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.

പെയിന്റിങ് തൊഴിലാളിയായ വൈശാഖ് വെളുത്തൂർ മുനയത്ത് താമസിച്ചുവരുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വടുക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.

അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബുധനാഴ്ച മരിച്ച ആറുപേരിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ മരണം എലിപ്പനി സംശയാസ്പദമാണെന്നും, ഒരാൾ ഇൻഫ്ലുവൻസ ബാധിച്ചാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് പ്രധാനമായും മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Leave A Comment