കുറുമാലി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീക്ക് രക്ഷകരായി യുവാക്കൾ
പുതുക്കാട്: കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റർ പാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ സ്ത്രീ ഒഴുക്കിൽപ്പെട്ടത് യുവാക്കളുടെ സാഹസിക ഇടപെടലിൽ രക്ഷപ്പെട്ടു. തൊട്ടിപ്പാൾ പള്ളം സ്വദേശിനി ശാന്ത (55)യെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. പാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ ശാന്ത ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന തൃപ്രയാർ ചിറയ്ക്കൽ സ്വദേശികളായ പൊന്നാപുള്ളി സന്ദീപും പേരോത്ത് രജീഷും ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
ആദ്യം സന്ദീപ് പുഴയിലേക്ക് ചാടി ശാന്തയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണവെപ്രാളത്തിലായിരുന്ന ശാന്തയെ കരയിലേക്കെത്തിക്കുന്നതിനിടെ സന്ദീപും വെള്ളത്തിൽ താഴ്ന്നു. ഇതുകണ്ട രജീഷ് പുഴയിലേക്ക് ചാടി ഇരുവരെയും സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റി.
ചിറയ്ക്കലിൽ നിന്ന് വിനോദയാത്രയുടെ ഭാഗമായി മാഞ്ഞാംകുഴി ഷട്ടർ കാണാനെത്തിയ സംഘത്തിലെ അംഗങ്ങളായിരുന്നു സന്ദീപും രജീഷും. യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിൽപ്പെട്ട ശാന്തയുടെ ജീവൻ രക്ഷിക്കാൻ സഹായമായത്.
Leave A Comment