കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ, പ്രതിപ്പട്ടികയിലുള്ള മുതിർന്ന സിപിഎം നേതാക്കൾ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. മുൻ മന്ത്രിമാരായ എ.സി. മൊയ്തീൻ എംഎൽഎ, കെ. രാധാകൃഷ്ണൻ എംപി, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എംഎം. വർഗീസ് എന്നിവരടക്കം എട്ടുപേരാണ് ഇന്ന് കോടതിയിലെത്തിയത്.
വിചാരണ നടപടികൾക്ക് മുന്നോടിയായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്. ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ട 28 പേരിൽ എട്ടുപേർ ഇന്ന് ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. ബാക്കിയുള്ളവർ ഈ മാസം 21-നകം ഹാജരാകണം. കേസിൽ 68-ാം പ്രതിയാണ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി. പാർട്ടിയെ പ്രതിനിധീകരിച്ച് ഇന്ന് ആരും ഹാജരാകാത്ത സാഹചര്യത്തിൽ, ജൂലൈ 21-ന് തൃശൂർ ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി.
തങ്ങൾ തെറ്റ് ചെയ്തതുകൊണ്ടല്ല, മറിച്ച് സിപിഎം പ്രവർത്തകരായതുകൊണ്ടാണ് കേസിൽ പ്രതിചേർക്കപ്പെട്ടതെന്ന് കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. മൊത്തം 83 പ്രതികളാണ് കേസിലുള്ളത്. 2012-13 കാലയളവിൽ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു.
നേരത്തെ, നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇവർ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. പ്രതികൾ കോടതിയിൽ നിന്ന് ലഭിക്കുന്ന കുറ്റപത്രത്തിന്റ പകർപ്പ് പരിശോധിച്ച ശേഷം വിടുതൽ ഹർജി സമർപ്പിക്കാനുള്ള സാധ്യതയും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Leave A Comment