ജില്ലാ വാർത്ത

കുഞ്ഞിന് പാരസെറ്റമോൾ അമിത ഡോസ് നൽകിയെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്

ആലുവ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ. ഹബ്നക്കെതിരെയാണ് കേസെടുത്തത്.

ആലുവ തൊട്ടുമുഖം സ്വദേശികളായ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. അഞ്ച് കിലോ ഭാരമുള്ള കുഞ്ഞിന് 10 കിലോ ഭാരത്തിനുള്ള അളവിൽ മരുന്ന് കുറിച്ചതായാണ് പരാതിയിൽ പറയുന്നത്. മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവമുണ്ടായത്. കുഞ്ഞിന് മൂന്നാം മാസത്തെ വാക്സിനേഷനു ശേഷമുണ്ടായ പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നൽകിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടർ രേഖപ്പെടുത്തിയ അളവിലെ പിഴവിനെ തുടർന്നാണ് മരുന്ന് കൂടുതൽ അളവിൽ നൽകേണ്ടിവന്നതെന്നും ഡോക്ടറുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Leave A Comment