ഓപ്പറേഷൻ തൂഫാൻ: സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ വ്യാപക പരിശോധന
കൊച്ചി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ എറണാകുളം റേഞ്ചിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ് ബസുകളുടെയും മറ്റ് വിദ്യാർത്ഥി വാഹനങ്ങളുടെയും ഡ്രൈവർമാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
പരിശോധനയുടെ ഭാഗമായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെ പരിശോധിച്ചു. ഇതിൽ നാല് ജില്ലകളിലായി 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം എറണാകുളം റൂറൽ ജില്ലയിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ 9 പേരും, കോട്ടയം ജില്ലയിൽ 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ 6 പേരും മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തി. ബാക്കി 7 കേസുകൾ ഇടുക്കി ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇത്തരം പരിശോധനകൾ തുടർന്നും ശക്തമായി നടത്തുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment