മാളയിൽ വൻ ദുരന്തം ഒഴിവായി; KSRTC ബസിന്റെ പിൻചക്രത്തിലെ നട്ടുകൾ ഇളകിയ നിലയിൽ
മാള: തൃശ്ശൂരിലേക്ക് സർവീസ് നടത്താൻ തയ്യാറായി നിൽക്കുകയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിന്റെ പിൻചക്രത്തിലെ എല്ലാ നട്ടുകളും ഇളകിയ നിലയിൽ കണ്ടെത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെടാൻ തയ്യാറായിരുന്ന ബസിന്റെ പിൻചക്രത്തിലെ നട്ടുകൾ ഇളകിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ വിവരം ഡ്രൈവറെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തകരാർ സ്ഥിരീകരിച്ചു.
തുടർന്ന് ബസ് സർവീസിൽ നിന്ന് പിൻവലിക്കുകയും മാള കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പകരം മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ തൃശ്ശൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രാവിലെ തൃശ്ശൂരിലേക്ക് സർവീസ് നടത്തി തിരിച്ചെത്തിയ ഇതേ ബസിലാണ് തകരാർ കണ്ടെത്തിയത്. സമയോചിതമായി തകരാർ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ യാത്രാമധ്യേ ഗുരുതര അപകടത്തിന് സാധ്യതയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് മാള മണ്ഡലം പ്രസിഡന്റ് ജിയോ കൊടിയൻ ആവശ്യപ്പെട്ടു. പ്രിയദർശിനി സർവീസ് തകർക്കുകയെന്ന ലക്ഷ്യത്തോടെ ആരെങ്കിലും മനപ്പൂർവം ചക്രത്തിലെ നട്ടുകൾ ഇളക്കിയതാണോ എന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വാഹനത്തിന്റെ പരിപാലനത്തിലും സർവീസിന് മുമ്പുള്ള സുരക്ഷാ പരിശോധനയിലും കെഎസ്ആർടിസിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദിത്തം നിർണയിക്കണമെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ജിയോ കൊടിയൻ ആവശ്യപ്പെട്ടു.
Leave A Comment