കൂട്ടിരിപ്പുകാരില്ലാത്ത രോഗികൾ വർധിക്കുന്നു; മെഡിക്കൽ കോളജിൽ കിടക്ക ക്ഷാമം
തൃശൂർ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരില്ലാത്തതും വ്യക്തിവിവരങ്ങൾ ലഭ്യമല്ലാത്തതുമായ രോഗികളുടെ എണ്ണം വർധിക്കുന്നത് ആശുപത്രി ഭരണകൂടത്തിനും ജീവനക്കാർക്കും വലിയ വെല്ലുവിളിയായി മാറുന്നു. ചികിത്സ പൂർത്തിയായ ശേഷവും ഏറ്റെടുക്കാൻ ബന്ധുക്കളോ സംരക്ഷകരോ എത്താത്തതിനാൽ ഇവരെ ആശുപത്രിയിൽ തന്നെ തുടരേണ്ട സാഹചര്യമാണുള്ളത്.
ആശുപത്രി ജീവനക്കാരുടെ വിവരമനുസരിച്ച് നിലവിൽ ചികിത്സ പൂർത്തിയായിട്ടും ആശുപത്രി വിട്ടുപോകാൻ കഴിയാതെ ഏകദേശം 40 പേർ വിവിധ വാർഡുകളിൽ തുടരുകയാണ്. ഇവർക്ക് ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി ഒരുക്കുന്നുണ്ടെങ്കിലും, ഇതുമൂലം പുതിയ രോഗികൾക്കുള്ള കിടക്കകൾ ലഭിക്കാത്ത സ്ഥിതിയാണ്.
കിടക്കകളുടെ അഭാവം കാരണം ചികിത്സ തേടിയെത്തുന്ന പലരെയും നിലത്ത് കിടത്തി ചികിത്സിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. ഇത് രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തെയും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
ചികിത്സ പൂർത്തിയായ രോഗികളെ ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും അടിയന്തരമായി ഏറ്റെടുത്ത് പുനരധിവസിപ്പിക്കണമെന്നാണ് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആവശ്യം. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ചികിത്സ ആവശ്യമുള്ള പുതിയ രോഗികൾക്ക് കിടക്ക ലഭിക്കാതെ ചികിത്സ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, ചികിത്സയ്ക്ക് ശേഷം പോകാൻ ഇടമില്ലാത്ത നിരവധി പേർ ആശുപത്രി പരിസരങ്ങളിൽ തന്നെ കഴിയുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇതോടൊപ്പം സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യവും വർധിക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രി പരിസരങ്ങളിൽ മോഷണ സംഭവങ്ങളും വർധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.
Leave A Comment