ഗുരുവായൂർ ക്ഷേത്ര നടയിലെ വൈജയന്തി കെട്ടിടത്തിൽ തീപിടിത്തം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിലെ വൈജയന്തി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിന്റെ സ്റ്റോർ റൂമിൽ ഇന്ന് രാവിലെ തീപിടിത്തമുണ്ടായി. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
സ്റ്റോർ റൂമിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എസ്.ഡി. സജിത്ത് ലാലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അരമണിക്കൂറിനുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിൽ സ്റ്റോർ റൂമിലുണ്ടായിരുന്ന ബ്ലീച്ചിങ് പൗഡർ, സോപ്പുപൊടി തുടങ്ങിയ ശുചീകരണ സാമഗ്രികൾ, ദേവസ്വത്തിന്റെ പ്രസിദ്ധീകരണങ്ങൾ, മരമേശ ഉൾപ്പെടെയുള്ള വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Leave A Comment