ജില്ലാ വാർത്ത

കൊച്ചി ബൈപാസ്, അങ്കമാലി– കൊടുങ്ങല്ലൂർ ഹൈവേ ആദ്യ വിജ്‌ഞാപനം ഉടൻ

അങ്കമാലി:  അങ്കമാലിയിൽ നിന്നാരംഭിച്ച് അരൂരിൽ അവസാനിക്കുന്ന കൊച്ചി ബൈപാസിൻ്റെ (അങ്കമാലി-കുണ്ടന്നൂർ) 3 എ പുനർ വിജ്‌ഞാപനം ഉടൻ വന്നേക്കും. വിജ്‌ഞാപനം അടുത്തമാസം പുറപ്പെടുവിച്ചേക്കുമെന്നാണു ദേശീയപാത അധികൃതർ നൽകുന്ന സൂചന. മുൻപു പ്രസിദ്ധീകരിച്ച 3എ വിജ്‌ഞാപനം റദ്ദായിട്ട് അടുത്തമാസം 29 ആകുമ്പോൾ രണ്ടു വർഷം തികയും 2024 ഓഗസ്റ്റ് 28നാണ് 3എ വിജ്‌ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം വിവിധ വില്ലേജുകളിൽ ഉദ്യോഗസ്‌ഥർ പരിശോധന നടത്തി മുൻപ് 3 എ വിജ്‌ഞാപനം പുറപ്പെടുവിച്ച് ഭൂരിഭാഗം നടപടിക്രമങ്ങളും പൂർത്തീകരിച്ചതിനാൽ ഇനി 3എ വിജ്‌ഞാപനമിറങ്ങി 6 മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3ഡി വിജ്‌ഞാപനം ഇറക്കാനും തുടർന്നു നിർമാണം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്.

അങ്കമാലിയിൽ നിന്നു കൊടുങ്ങല്ലൂരിലേക്കുള്ള ഹൈവേയുടെ ആദ്യവിജ്‌ഞാപനവും ഉടൻ ഇറങ്ങിയേക്കും. ഏകദേശം 20 കിലോമീറ്റർ ദൂരമുള്ള ഹൈവേയും കൊടുങ്ങല്ലൂർ ഹൈവേയും അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാണ് ആരംഭിക്കുന്നത് ഈ ഹൈവേയുടെ സാറ്റലൈറ്റ് സർവേ നടക്കുന്നുണ്ട്. കൊച്ചി ബൈപാസിനായി മുൻപു കല്ലിട്ട ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്‌ഥർ പരിശോധനയ്ക്കെത്തി. എല്ലാ വില്ലേജുകളിലെയും തിരഞ്ഞെടുത്ത ഇടങ്ങളിൽ ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് 10 വരിയായും വികസിപ്പിക്കാവുന്ന തരത്തിലുള്ള നിർമാണത്തിനാണ് കേന്ദ്രാനുമതി. സംസ്‌ഥാനത്ത് എട്ടുവരിയിൽ നിർമിക്കുന്ന ആദ്യപാതയാകും കൊച്ചി ബൈപാസ്. ആദ്യം കുണ്ടന്നൂർ വരെ നിർമിക്കാൻ ലക്ഷ്യമിട്ട പാത 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കി അരൂർ വരെ നീട്ടുകയായിരുന്നു.

Leave A Comment