ജില്ലാ വാർത്ത

സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോയുടെ വീടിനുമുന്നിൽ പ്രതിഷേധം

ഇരിങ്ങാലക്കുട: കോക്രോച്ച് ജനത പാര്‍ട്ടി ദില്ലിയില്‍ നടത്തുന്ന സമരത്തിനെ പിന്തുണച്ച നടൻ ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം. നടന്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. യുവമോർച്ച പ്രവർത്തകർ വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് നടന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ പ്രതികരിച്ചിരുന്നു. ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോയുടെ പ്രതികരിച്ചു.


ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ- “ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്‍റെ ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ എന്തെങ്കിലും വസ്തുവകകള്‍ നശിപ്പിച്ചോ? അവര്‍ അക്രമത്തിലേക്ക് തിരിഞ്ഞോ? ഈ തരത്തിലുള്ള പരിചരണത്തിന് അവരെ അര്‍ഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്‍റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഹൃദയപൂര്‍വ്വം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല. മറിച്ച് ജനാധിപത്യത്തിന്‍റെ അടിത്തറ തന്നെ ഇതാണ്. ഇനി എന്‍റെ ദേശീയബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്‍റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്‍റെ വിശ്വാസം. ജയ് ഹിന്ദ്”, ടൊവിനോ തോമസിന്‍റെ വാക്കുകള്‍.

Leave A Comment