ജില്ലാ വാർത്ത

പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ സാധ്യത; ജാഗ്രതാ നിർദേശം

തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജലനിരപ്പ് 422 മീറ്ററിലെത്തുന്ന അടിയന്തര സാഹചര്യമുണ്ടായാൽ സൂയിസ് വാൽവുകൾ ഘട്ടംഘട്ടമായി തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനുമതി നൽകി.

ആഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണിയോടെ ഡാമിലെ ജലനിരപ്പ് 421 മീറ്ററായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതും കണക്കിലെടുത്താണ് നടപടി.

ഡാം തുറക്കുന്നതോടെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകിയെത്തി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പുഴയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Leave A Comment