ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്
ചാലക്കുടി: ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട മിനി ബസ് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ 24 വിദ്യാർത്ഥികളും ഡ്രൈവറും ഉണ്ടായിരുന്നതായി വിവരം. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം നടത്തി വിദ്യാർത്ഥികളെയും ഡ്രൈവറെയും പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വിവരമറിഞ്ഞെത്തിയ ചാലക്കുടി അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment