ജില്ലാ വാർത്ത

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി, ജാഗ്രത നിർദ്ദേശം

ഇടുക്കി:മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാ​ഗ്രതാ നിര്‍ദേശം.കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് കടുവയെ കണ്ടത്. 

കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 10 പശുക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ‍മൂന്നാര്‍ രാജമല നൈമക്കാട്ടെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ വളര്‍ത്തു മൃഗങ്ങളെ അക്രമിച്ചു കൊന്നത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഊര്‍ജിത ശ്രമം നടത്തുകയാണ്. ഇവയെ പിടികൂടാനായി നാല് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി. ഇരവികുളം ദേശീയ പാര്‍ക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

Leave A Comment