ജില്ലാ വാർത്ത

അങ്കണവാടി അടച്ചുപൂട്ടി; രക്ഷിതാക്കൾ അങ്കണവാടിക്കുമുൻപിൽ പ്രതിഷേധിച്ചു

കരുമാല്ലൂർ : വി.എച്ച്. കോളനിയിലെ 134-ാം നമ്പർ അങ്കണവാടി പ്രവർത്തിച്ചിരുന്ന കെട്ടിടം പൂട്ടി. കെട്ടിടത്തിനുമുൻപിൽ രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും പ്രതിഷേധം സംഘടിപ്പിച്ചു.

കരുമാല്ലൂർ പഞ്ചായത്ത് 15-ാം വാർഡിലെ ഈ അങ്കണവാടിക്ക് ഇതുവരെ സ്വന്തമായി കെട്ടിടമില്ല. വി.എച്ച്. കോളനിയിലെ സാംസ്കാരിക നിലയത്തിലായിരുന്നു ഇതുവരെ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ആ മുറി സാംസ്കാരിനിലയം അധികാരികൾ അടച്ചുപൂട്ടുകയായിരുന്നു. അതോടെ കുട്ടികൾക്ക് പഠിക്കാൻ ഒരിടമില്ലാതെയായി.

പട്ടികവിഭാഗത്തിൽപ്പെട്ട 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതുപോലെ കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരവിതരണവും മുടങ്ങി. കരുമാല്ലൂർ പഞ്ചായത്തിലും ആലങ്ങാട് ബ്ലോക്കിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയുന്നതുവരെ പ്രവർത്തനത്തിനുള്ള അനുമതിവേണമെന്നാണ് ആവശ്യമുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

മുൻ പഞ്ചായത്തംഗം മഞ്ജു അനിൽ, സി.വി. അനിൽ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ഇതിലും ഫലംകണ്ടില്ലെങ്കിൽ സമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Leave A Comment