അന്നമനട ക്ഷേത്രത്തിലെ ആനയുടെ ആക്രമണം: പരിക്കേറ്റ യുവാവ് വിദഗ്ധ ചികിത്സയിൽ
മാള: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞ് പരിക്കേറ്റ വിവേകിനെ ഉടൻതന്നെ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായാണ് അങ്കമാലിയിലേക്ക് മാറ്റിയിരിക്കുന്നത്. മാമ്പ്ര എരയാംകുടി സ്വദേശി തുറനല്ലൂർ മനയിൽ വിവേക് (26) നാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം നടന്നത്. അക്കിക്കാവ് കാർത്തികേയൻ എന്ന ആനയാണ് വിവേകിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞത്.
ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.പരിക്കേറ്റ വിവേകിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഈ സംഭവം ഉണ്ടായത്. അപകടത്തെത്തുടർന്ന് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
മണിക്കൂറുകൾക്ക് ശേഷം പാപ്പാന്മാർ ചേർന്ന് ആനയെ തളച്ച് ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മാള പോലീസ് എലിഫന്റ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Leave A Comment