ചാലക്കുടിയിൽ വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഡ്യൂട്ടി ഡോക്ടർ
ചാലക്കുടി: വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധമുയര്‍ന്നു. നഗരസഭ പ്രതിപക്ഷ അംഗങ്ങളുടെ ഇടപെടല്‍ മൂലം പോസ്റ്റുമോര്‍ട്ടം ചാലക്കുടിയില്‍ നടത്തി.
നായരങ്ങാടി ഉദനിപറമ്പന്‍ ജങ്ഷന് സമീപം ഉപ്പത്ത് വീട്ടില്‍ വനജ(63)ആണ് ചൊവ്വാഴ്ച വൈകീട്ട് പോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ബസിറങ്ങി ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് പിക്അപ്പ് വാനിടിച്ച് മരിച്ചത്. ഈ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ചുമതലയുള്ള ഡോക്ടര്‍ അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് തൃശൂരിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എല്ലാ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും പോസ്റ്റുമോര്‍ട്ടം നടത്താല്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ആശുപത്രിയിലുണ്ടായത്.
സംഭവമറിഞ്ഞ് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ജില്‍ ആന്റണി, വി ജെ ജോജി, വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവര്‍ ആശുപത്രിയിലെത്തി ഡോക്ടറുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമ്മര്‍ദ്ദത്തിനെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കി.
Leave A Comment