ജില്ലാ വാർത്ത

ദുര്‍ഗ കാമിക്ക് വിട; കളമശേരി സഭ സെമിത്തേരിയില്‍ അന്ത്യവിശ്രമം

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്‌കാരം കളമശേരി സഭ സെമിത്തേരിയില്‍ നടന്നു. എറണാകുളം ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദുര്‍ഗ കാമി വ്യാഴാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ദുര്‍ഗയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയുമായിരുന്നു.

കഴിഞ്ഞ മാസം 22ന് ആയിരുന്നു ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ദുര്‍ഗയുടേത്. ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് ദുര്‍ഗയ്ക്കായി മാറ്റിവച്ചത്.

ദുര്‍ഗയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടു കൂടിയാണ് ആരോഗ്യനില മോശമായത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫിസിയോ തെറാപ്പിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.അപൂര്‍വ ജനിതകരോഗം ബാധിച്ച് ഒരു വര്‍ഷമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദുര്‍ഗ. മലയാളിയായ ഡോക്ടര്‍ മുഖേനയാണ് ദുര്‍ഗ കേരളത്തിലേക്ക് എത്തിയത്. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുര്‍ഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു.

Leave A Comment