മെഡി. കോളജ് ഉപരോധം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
കളമശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഗണേഷ് മോഹനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിവന്ന സത്യഗ്രഹ സമരം ഗേറ്റിനു പുറത്തുനിന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിലേക്ക് മാറ്റാനുള്ള ശ്രമം പോലീസ് തടഞ്ഞു. ഗേറ്റ് കടക്കാൻ പോലീസ് അനുവദിക്കാതിരുന്നതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു. തുടർന്ന് സമരക്കാരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചത് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഗണേഷ് മോഹന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എംപി ആരോപിച്ചു. സത്യം വിളിച്ചു പറയുന്ന ജീവനക്കാരെ വേട്ടയാടുന്ന സമീപനമാണ് പലപ്പോഴും സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളതെന്നും എംപി കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് തുടങ്ങിവർ പ്രസംഗിച്ചു.

Leave A Comment