സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തി : അനിൽ അക്കര നിയമനടപടിക്ക്
തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ നൽകി അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് അനിൽ അക്കര നിയമനടപടിക്ക്. കഴിഞ്ഞ ദിവസം ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചപ്പോൾ, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി മുടക്കിയത് കോൺഗ്രസ് മുൻ എം.എൽ.എ. അനിൽ അക്കരയാണെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. വികസനംമുടക്കിയെന്നും പാവങ്ങളുടെ വീടെന്ന സ്വപ്നം പൊലിച്ചവനെന്നും ആരോപിക്കുന്ന സൈബർ ആക്രമണമാണ് നടന്നത്. ഇതിനെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്.
പോരാളി ഷാജിയും കൂട്ടരുമാണ് സംഘടിതമായി സൈബർ ആക്രമണം നടത്തുന്നതെന്നും നുണപ്രചാരണം നോക്കിയിരിക്കാൻ കഴിയില്ലെന്നും അനിൽ അക്കര പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇവർ ഇതേരീതിയിലുള്ള നുണപ്രചാരണം നടത്തി. ക്രിമിനൽ, സിവിൽ നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി അഡ്വ. സച്ചിൻ ആനന്ദിനെ ചുമതലപ്പെടുത്തിയതായും അനിൽ അക്കര അറിയിച്ചു.
വടക്കാഞ്ചേരി നഗരസഭയുടെ 2.45 ഏക്കറിൽ 140 വീടുകൾ ഉൾപ്പെടുന്ന സമുച്ചയനിർമാണം പാതിയിൽ നിലച്ചതിന് കാരണം നിർമാണക്കരാറിലെ പ്രശ്നങ്ങളും ക്രമക്കേടുമായിരുന്നു. നിർമാണക്കരാറെടുത്ത യൂണിടാക് കമ്പനിയുടെ എം.ഡി. സന്തോഷ് ഈപ്പൻ അഴിമതിയുടെ പേരിൽ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലാണ്. അഴിമതി പുറത്തുകൊണ്ടുവരുകയും നിയമപോരാട്ടം നടത്തുകയും ചെയ്തതിന് നേതൃത്വം നൽകിയത് അനിൽ അക്കരയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് പ്രശ്നത്തിൽ അനിൽ അക്കര നൽകിയ പൊതുതാത്‌പര്യ ഹർജി ഹൈക്കോടതിയിലുണ്ട്.

Leave A Comment