പൊതുകാനയിലേക്ക് മാലിന്യ പൈപ്പുകൾ: രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി
പറവൂർ: പൊതുകാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യാനുള്ള നടപടികൾ പറവൂർ നഗരസഭ തുടങ്ങി.
ആരോഗ്യ വിഭാഗത്തിന്റ നേതൃത്വത്തിൽ മുൻസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുള്ള പ്രധാന കാനകളിലാണ് വിശദമായ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ നമ്പൂരിയച്ചൻ ആലിന് സമീപമുള്ള കെആർ ബേക്കേഴ്സ്, സമീപത്തുള്ള ലേഡീസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പൊതുകാനയിലേക്ക് ഒഴുക്കിവിടുന്ന പൈപ്പുകൾ കണ്ടെത്തി.
നഗരസഭ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ 50,000 രൂപ വീതം പിഴ ചുമത്തി നോട്ടീസ് നൽകി.
അനധികൃത പൈപ്പുകൾ അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വ്യാപാര ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നഗരത്തിലെ ശുചിത്വം സംരക്ഷിക്കുന്നതിന്റെയും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഇത്തരം പരിശോധനകളും നടപടികളും തുടരുമെന്നും അധികൃതർ അറിയിച്ചു.
Leave A Comment