ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാന ആക്രമണം; യുവതി മരിച്ചു, മകന് പരിക്ക്
ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 37 വയസ്സുള്ള യുവതി മരിച്ചു. തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. സംഭവത്തിൽ മാരിക്കൊപ്പം ഉണ്ടായിരുന്ന 11 വയസ്സുകാരനായ മകന് പരിക്കേറ്റു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്. കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതിനാൽ കാട്ടാനയെ തിരിച്ചറിയാൻ കഴിയാതെ ഇരുവരും മുന്നിൽ ചെന്നുപെട്ടതാണെന്നാണ് പ്രാഥമിക വിവരം.
ആക്രമണ സമയത്ത് പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ആക്രമണത്തിനിടെ മാരിക്ക് ഗുരുതരമായി പരിക്കേറ്റതോടെ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്ന പ്രദേശം വനത്തിനോട് ചേർന്നതും കാട്ടാന ശല്യം പതിവായതുമായ മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
കൂടുതൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതികരണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Leave A Comment