അന്തര്‍ദേശീയം

സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മൊഹമ്മദിക്ക്‌

സ്‌റ്റോക്ക്‌ഹോം: സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ഇറാൻ ഭരണകൂടം നർഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവർ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നര്‍ഗീസ് മൊഹമ്മദി ജയിലിൽ കഴിയുകയാണ്.

ഭൗതികശാസ്ത്രം പഠിച്ച നര്‍ഗീസ് മൊഹമ്മദി, എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളില്‍ കോളങ്ങള്‍ എഴുതി. 2003-ല്‍ ഇവര്‍ മറ്റൊരു നൊബേല്‍ സമാധാനപുരസ്‌കാര ജേതാവായ ഷിറിന്‍ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുതുടങ്ങി.

Leave A Comment