അന്തര്‍ദേശീയം

ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ഇറാൻ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് വനമേഖലയിൽ തകർന്നു വീണ കോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ 12 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിനുശേഷം ഇന്ന് രാവിലെ കണ്ടെത്തി. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു. പ്രസിഡന്‍റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവർണർ അടക്കം അഞ്ച് ഉന്നതരും അപകടത്തിൽ മരിച്ചു.

അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. യാത്രാസംഘത്തിന്‍റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതായി. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റർ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

Leave A Comment