എഐ കാമറാ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എഐ കാമറാ ഇടപാട് അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേയ്ക്കും പിന്നീട് മണിക്കൂറുകള്‍ക്കകം ആരോഗ്യവകുപ്പിലേയ്ക്കും സ്ഥലം മാറ്റി.
വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുംമുമ്പാണ് സ്ഥലമാറ്റം. കാമറാ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹനീഷ് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവില്‍ ഹനീഷിന് റവന്യു ദുരന്ത നിവാരണ വകുപ്പിലേയ്ക്കായിരുന്നു മാറ്റം. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം തിരുത്ത് വന്നു. ഹനീഷിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ചു.
പുതിയ വ്യവസായ വകുപ്പ് സെക്രട്ടറിയായി സുന് ബില്ലയെ നിയമിച്ചു. ആരോഗ്യ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാള്‍ റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.
സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ റാണി ജോര്‍ജ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. രജിസ്ടേഷന് ഐജിയായിരുന്ന ഇമ്പശേഖറിനെ കാസര്‍ഗോഡ് കളക്ടര്‍ ആയി നിയമിച്ചു.
ചീഫ് സെക്രട്ടറി വി.പി.ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല നല്കി. ഐടി സെക്രട്ടറി രത്തന്‍ഖേല്‍ക്കറിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരിക്കും. ഡോ. ഷര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പ് ചുമതലയ്ക്ക് പുറമെ സാമൂഹ്യ നീതി വകുപ്പിന്റെ കൂടി ചുമതല നല്കി.
Leave A Comment