മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി
തിരുവനന്തപുരം: നവ കേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർ കൂടുതൽ കുരുക്കിലേക്ക്. ഇവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം നരഹത്യാശ്രമം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ ഒളിവിൽ പോയി. എസ്ഐടി സംഘം ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി.
പുനരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അഞ്ച് പേരെ പ്രതികളാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകികൊണ്ട് ഡിജിപിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായത്.
2023 ഡിസംബറിലാണ് വിവാദങ്ങൾക്ക് വഴിവച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ കടന്നുപോയപ്പോൾ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ പോലീസുകാർ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് അതിക്രൂരമായി മർദക്കുകയായിരുന്നു.
മർദനത്തിൽ തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും തുടക്കത്തിൽ കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. തുടർന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Leave A Comment