കേരളം

പൈക്ക അഴിമതി: അന്വേഷണം എൻ. പ്രശാന്തിന്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കായിക വികസന പദ്ധതിയായ പ്രധാനമന്ത്രി യുവ ക്രീഡ ഓർ ഖേൽ അഭിയാൻ (പൈക്ക) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെ ചുമതലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിന് കൈമാറാൻ കായിക മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.

ഗ്രാമീണ മേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 2008-ൽ ആരംഭിച്ച പദ്ധതിയാണ് പൈക്ക. സംസ്ഥാനങ്ങളിൽ സ്പോർട്സ് കൗൺസിലുകളെയാണ് പദ്ധതിയുടെ നോഡൽ ഏജൻസികളായി നിയോഗിച്ചിരുന്നത്. കേരളത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിച്ചത്. അന്നത്തെ നോഡൽ ഓഫീസറായി നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.ആർ. രഞ്ജിത്തിനെയാണ് നിയമിച്ചിരുന്നത്.

പദ്ധതിയുടെ ഭാഗമായി കേരളത്തിന് കേന്ദ്ര സർക്കാർ 36.37 കോടി രൂപ അനുവദിച്ചു. ഇതിൽ 23.88 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾ വഴി വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചതായി രേഖകളിൽ വ്യക്തമാക്കുന്നു. 2014-ൽ പദ്ധതി അവസാനിപ്പിച്ചതിനെ തുടർന്ന് ശേഷിച്ച തുക കേന്ദ്ര സർക്കാരിന് തിരിച്ചടയ്ക്കാൻ നിർദേശം ലഭിച്ചിരുന്നെങ്കിലും 11.91 കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നാണ് വിവരം.


വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, ഈ 11.91 കോടി രൂപയുടെ നിലവിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമായത്.

തുടർന്ന് എം.ആർ. രഞ്ജിത്തിനെ സ്പോർട്സ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും, 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അദ്ദേഹം വീണ്ടും കൗൺസിലിലേക്ക് തിരിച്ചെത്തി. പൈക്ക പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പരാതികൾ സ്പോർട്സ് കൗൺസിലിലേക്കും കായിക മന്ത്രിയുടെ ഓഫീസിലേക്കും എത്തിയിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോയില്ലെന്നാണ് ആരോപണം.

ഇതിനിടെയാണ് പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കേസിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണഫലം പുറത്തുവരുന്നതോടെ പൈക്ക പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Leave A Comment